2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

കോമാളി ദേശത്തെ തമാശകള്‍



പേരെടുത്ത സര്‍ക്കസ് കോമാളി
തമാശകള്‍ പലതും പുറത്തെടുത്തു
കാണികള്‍ക്ക് ചിരി വന്നില്ല
പുതിയ വേഷങ്ങള്‍ ആടി നോക്കി
പേരിനു പോലും ആരും ചിരിച്ചില്ല
കരുതിയ കുറിയ തമാശയും
വലിയ തമാശയും വിളമ്പി
ചടുല കോമാളിനടനവും പരീക്ഷിച്ചു.

കാണികള്‍ പരിഹസിച്ചു, കൂകി
കൂകി കൂകി കാണികള്‍ സ്വയം
കോമഡി പ്രോഗ്രാമുകള്‍ പകര്‍ന്നാടി
ഗ്യാലറികള്‍ ചാനല്‍ചിലമ്പ് അണിഞ്ഞു
ചിരി വിശപ്പില്‍ സര്‍ക്കസ് ഒഴിഞ്ഞു.

ചിരിഇരകളെ തേടി ഇറങ്ങിയവര്‍
നാടും വീടും വലയിലാക്കി
തമാശ വിപണി വിഭവങ്ങള്‍ ഒരുക്കി
തമാശ വിതച്ചു തമാശ കൊയ്തു
തമാശ കൊണ്ട് വീടുകള്‍ പണിതു
തമാശ ദേശം വന്ദേ മാതരം ചൊല്ലി
തമാശ വ്യവസ്ഥിതി നിലവില്‍ വന്നു.

കാലത്തിനൊപ്പം വേഷമാടാതിരുന്ന
കോമാളിക്ക് അന്ത്യ ശിക്ഷ വിധിച്ചു.

അതുവരെ സമാഹരിച്ച തമാശകളും
സമാനതകളില്ലാത്ത വേഷങ്ങളും
അഴിച്ചെടുത്ത് നഗ്നനാക്കി.

തമാശ കൊണ്ട് മാത്രം ജീവിച്ച
കോമാളിയെ തമാശ കൊണ്ട് തന്നെ
അവര്‍ ശിരസ്സ്‌ ‌അറുത്തു.

തമാശയുടെ പുതപ്പണിഞ്ഞ
പര്‍വതാഗ്രത്ത്തില്‍ നിന്നും
പിതാമഹന്മാര്‍ ഇറങ്ങി വന്നു
കോമാളിയെ ഏറ്റു വാങ്ങി.

കോമാളിയുടെ ചുണ്ടില്‍ നിന്നും
ഒരു കറുത്ത തമാശ പറന്നു,
ആകാശ കൂടാരം തൊട്ടു തിരികെ
ഭൂമിയില്‍ ചിറകറ്റു വീണു.
.

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ഫ്രീഡം പരേഡ്











ആദ്യമായാണ് ഒരു തീവ്രവാദിയെ
പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുന്നത്.

വെടിയുണ്ടകള്‍ എല്ലാം കടന്നു പോയത്
നെഞ്ചിലൂടെ ആണല്ലോ?
തുറന്നു നോക്കട്ടെ.

കരള്‍ കലങ്ങി കിടപ്പുണ്ട്
കരളുറപ്പ് ആര്‍ക്കു വേണ്ടി ആയിരുന്നു?
ഹൃദയം ചിതറി പോയിട്ടുണ്ട്
സ്പന്ദനങ്ങള്‍ സ്പോടനങ്ങള്‍ക്ക് വേണ്ടിയോ?
ആമാശയം നിറയെ രക്തം
വയര്‍ നിറക്കുവാന്‍ കവര്‍ന്ന അന്നം ആരുടെ?
കൈകള്‍ വേര്‍പെട്ടു കിടക്കുന്നു
പിഴച്ച ഉന്നം പിഴുതെറിഞ്ഞത് ആരെയൊക്കെ?
ഒരു കാല്‍ കാണാനേ ഇല്ല
കടം കൊടുത്തുവോ അതോ കവര്‍ന്നെടുത്തുവോ?
വായ തുറന്നിരിക്കുന്നു
തീരാത്ത ദാഹം എന്തിനു വേണ്ടി ആയിരുന്നു?
കണ്ണുകള്‍ രണ്ടും തുറന്നു തന്നെ
കണ്‍പാര്‍ത്ത തീവ്ര സ്വപ്‌നങ്ങള്‍ ആരുടേത്?

ഇനി ശിരസ്സ്‌ തുറന്നു നോക്കട്ടെ
തലച്ചോറില്‍ നിറയെ പുഴുക്കള്‍!
നിരയായി പുഴുക്കള്‍ പുറത്തേക്കു ഒഴുകുന്നു;
തല മുതല്‍ പാദം വരെ.
മൃതഗാത്ര പരിധിയില്‍
ഒരു ഫ്രീഡം പരേഡ്.

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

മണിയറ മാനിഫെസ്റ്റോ











   
    ജാതകം ഗണിച്ചും  ജീവിതം ഗുണിച്ചും
    ജാതി മത വര്‍ഗ്ഗ ഭേദങ്ങള്‍ നോക്കിയും
    വിദ്യയും  മഹിമയും വിലയിരുത്തിയും
    ഒരു വിവാഹം; പതിവ് മാമാങ്കം.

    വിവാഹ രാത്രി; പിഴച്ച മാമാങ്കം.
    മണിയറയില്‍ അയാള്‍‍ തന്റെ മാനിഫെസ്റ്റോ
    അവളുടെ ഇന്ദ്രിയങ്ങളില്‍ പകര്‍ത്തി.

    എന്റെ ബുദ്ധിയാണ് നിന്റെ വിജ്ഞാനം
    എന്റെ കണ്ണിലൂടെ നിന്റെ കാഴ്ചകള്‍
    എന്റെ കാതിലൂടെ നിന്റെ കേള്‍വി
    എന്റെ നാസികയിലൂടെ നിന്റെ ഗന്ധങ്ങള്‍
    എന്റെ രുചി നിന്റെ നാക്കിന്‌
    എന്റെ അര്‍ഥം നിന്റെ വാക്കിന്‌....

    അവളുടെ കൈകള്‍,മുലകള്‍,പാദങ്ങള്‍,
    നാഭി,യോനി,നിതംബം,ഗര്‍ഭപാത്രം.....
    അയാളുടെ മാനിഫെസ്റ്റോയില്‍
    ഏകപക്ഷീയ ഭോഗ വ്യാഖ്യാനങ്ങള്‍.

    അയാള്‍ക്ക്‌ ആദ്യരതിയുടെ ആവേശം.
    അയാളുടെ ഇന്ദ്രിയങ്ങളില്‍ ആസക്തി.

    അവള്‍ക്ക് ആദ്യരാത്രിയുടെ അശാന്തി.
    അവളുടെ ആത്മാവില്‍ പ്രതിരോധം.

    സങ്കല്പം ഉള്ളില്‍ കിടന്നു പിടഞ്ഞു.
    യാഥാര്‍ത്ഥ്യം മുന്നില്‍ തെളിഞ്ഞു കിടന്നു.
    അവളുടെ ആറാമിന്ദ്രിയം കണ്‍‌തുറന്നു.
    പരിണയരാത്രിയിലെ പരിണാമങ്ങള്‍ കണ്ടു.

    അവളുടെ മംഗല്യ താലിയില്‍
    മാനിഫെസ്റ്റോ മാഫിയ മുദ്രകള്‍.
    അവളുടെ സിന്ദൂര രേഖയില്‍ തീനാളം.
    മോതിര വിരലില്‍ കരിനാഗങ്ങള്‍.

    മണിയറ വിളക്കുകള്‍ കണ്ണ് പൊത്തി.
    ദശപുഷ്പങ്ങള്‍ ദുര്‍ഗന്ധം പരത്തി.
    പാതിപാലില്‍  കയ്പ്  കലര്‍ന്നു.
    മണിയറ മെത്തയില്‍ മുള്‍പടര്പുകള്‍.

    അടിയറവറിയാത്ത അവളുടെ പാദങ്ങള്‍
    മണിയറ വാതില്‍ മറികടന്നു.
    ദുരന്ത ദാമ്പത്യ പരിസമാപ്തിയില്‍
    'വിധിനിയോഗ'മെന്നാരും ഇനി ഉരുവിടില്ല.

    അവളില്ലാത്ത മണിയറ മെത്തയില്‍
    അയാളും മാനിഫെസറ്റൊയും
    സ്വയം സ്കലിച്ചു കിടന്നു.
    'ന: സ്ത്രി സ്വാതന്ത്ര്യ മര്ഹതി'
                                                                                                                                                                          .

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

പേര്,പോര്,സ്മാരകം



   ഞങ്ങളുടെ നാട്ടിലെ  മോഹന്‍ദാസിനെ
   എല്ലാവരും വിളിക്കുന്നത്‌ ഗാന്ധിയെന്നാണ്.
   പക്ഷെ അയാള്‍ ഒരു കമ്യുണിസ്ടുകാരനാണ്.
   കാസ്ട്രോ എന്ന് പേരുള്ള യുവതുര്‍ക്കി‍
   കോണ്ഗ്രസ് ഹൈക്കമാണ്ടിലുണ്ട്.

   ലെനിന്‍ എന്ന് വിളിക്കുന്ന സഖാവിപ്പോള്‍
   ബിജെപ്പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
   രാമന്‍ എന്ന് പേരുള്ള ദൈവവിശ്വാസി
   മുസ്ലിം ലീഗിന്റെ ഭാരവാഹിയാണ്.

   മക്ക സന്ദര്‍ശിച്ച  മുഹമ്മദ്‌ ഹാജി
   മാര്‍കിസ്റ്റു പാര്‍ടിയില്‍ അംഗമാണ്.
   ശ്രീകൃഷ്ണന്‍ എന്ന് പേരുള്ള ഭക്തന്‍
   പിഡിപ്പിയുടെ വേദികളില്‍  കാണാം.

   പിള്ളപേരുള്ള  പല നായന്മാരെയും
   കേരള കൊണ്ഗ്രസ്സിനു ലഭിച്ചിട്ടുണ്ട്.
   പേരില്‍ നമ്പൂതിരിവാലുള്ള പൂജാരി
   ആദിവാസി സംഘടനയുടെ നേതാവ്.

   ഹൈന്ദവ പേരുള്ള എത്രയോ പേര്‍
   മുസ്ലിം മത വിശ്വാസികളില്‍ കാണാം.
   ബാബുവും സിന്ധുവും ക്രിസ്ത്യാനികള്‍.
   ബേബിയും ജോയിയും ഹിന്ദുക്കള്‍.

   മതസാരം   പേറുന്ന പേരുകള്‍ തമ്മില്‍
   ശിലായുഗ പോരിന്റെ ആയുധമൂര്‍ച്ചകള്‍.
   ഒരേ  പേരുള്ള പ്രസ്ഥാനത്തിനുള്ളില്‍ ‍
   പ്രത്യയ ശാസ്ത്ര  സംവാദ പോരുകള്‍.

   പോരിലേക്ക് നയിക്കുന്ന  ജാഥകള്‍.
   വേദിയില്‍  വിഷം ചീറ്റുന്ന ഗര്ജനങ്ങള്‍.
   വേദവാക്കിലെഴുതിയ മത ചിഹ്നങ്ങള്‍.
   പേരില്‍ പോരിന്റെ നവ സമവാക്യങ്ങള്‍.

   പേരില്‍ വര്‍ഗ്ഗങ്ങള്‍  പോരിനിറങ്ങുന്നു
   ചോരയില്‍ മുങ്ങി പേരുകള്‍ മരിക്കുന്നു.

   പോരിന്റെ ചരിത്ര സ്മാരകത്തില്‍
   ഇങ്ങിനെ എഴുതി വെച്ചിരിക്കുന്നു:

   "സ്വന്തം ഭൂതകാലത്തോട് ഉദാസീനത
   പുലര്‍ത്തുന്നവര്‍ ഒരാവര്‍ത്തി കൂടി
   അതില്‍ തന്നെ ജീവിക്കുവാന്‍
   വിധിക്കപ്പെട്ടിരിക്കുന്നു"

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

പാഥേയമില്ലാത്ത പലായനങ്ങള്‍

  
    









    വിദ്യകളെല്ലാം നിങ്ങള്ക്ക്
    വിവരമില്ലായ്മകള്‍  ഞങ്ങക്ക്.
    നിങ്ങള്ക്ക് രാജകീയ വീഥികള്‍
    ഞങ്ങള്‍ക്ക് വഴിയോരപാതകള്‍

    മരുഭൂമികള്‍ ഞങ്ങള്‍ക്ക്
    മരതകതോപ്പുകള്‍ നിങ്ങള്ക്ക്.
    നിങ്ങള്ക്ക്  മഹാസൌധങ്ങള്‍
    ഞങ്ങള്‍ക്ക് ചെറിയകുടിലുകള്‍.

    വിഷവായു ഞങ്ങള്‍ക്ക്
    ശുദ്ധവായു നിങ്ങള്ക്ക്.
    ഞങ്ങള്‍ക്ക് മാറാരോഗങ്ങള്‍
    നിങ്ങള്ക്ക് ആയുരാരോഗ്യം.

    ആഗോള വിപണി നിങ്ങള്ക്ക്
    ആഗോള താപനം ഞങ്ങള്‍ക്ക്.
    നിങ്ങള്ക്ക് ആഗോളസുരക്ഷ
    ഞങ്ങള്‍ക്ക് അരക്ഷിതാവസ്ഥ.

    ആഘോഷങ്ങള്‍  നിങ്ങള്ക്ക്
    ആക്ഷേപങ്ങള്‍ ഞങ്ങള്‍ക്ക്.
    നിങ്ങള്ക്ക് പുരസ്കാരങ്ങള്‍
    ഞങ്ങള്‍ക്ക് തിരസ്കാരങ്ങള്‍.

    കോടതികള്‍ നിങ്ങള്ക്ക്
    ജയിലറകള്‍  ഞങ്ങള്‍ക്ക്.
    നിങ്ങള്ക്ക് കോടികള്‍
    ഞങ്ങള്‍ക്ക് കടക്കെണികള്‍.

    നിശ്ശബ്ദരാക്കിയും
    നിരായുധരാക്കിയും
    നിങ്ങളുടെ വികസനവിസര്‍ജ്യം
    ഞങ്ങള്‍ക്ക് വിളമ്പിയും

    ഭരണ ഘടനയില്‍ നിന്നും
    ഭരണ കൂടത്തില്‍ നിന്നും
    നിങ്ങള്‍ ഞങ്ങളെ
    പാര്ശ്വവല്ക്കരിച്ചും

    നിങ്ങള്‍ എല്ലാ സ്ഥലങ്ങളും
    വിഭവങ്ങളും സ്വന്തമാക്കി
    ഞങ്ങളെ സ്വന്തം മണ്ണില്‍
    അഭയാര്‍ഥികളാക്കുന്നു.

     നിങ്ങള്‍ പരസ്പരം
     കൈകോര്‍ക്കുമ്പോള്‍
     ഞങ്ങള്‍ പാഥേയമില്ലാതെ
     പലായനം ചെയ്യുന്നു.

           

2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ചാവേറുകളുടെ മഹാഭാരതം












ചാവേറുകളുടെ ഇഹലോക ജീവിത ഗുണപാഠങ്ങളില്‍
മഹാഭാരത കഥയുടെ തനിയാവര്‍ത്തനങ്ങള്‍.

ചരിത്ര വഴികള്‍ പോലെ ചാവേറുകളുടെ  ജീവിതപാതകള്‍.
മഹാഭാരതവേരുള്ള ചാവേറുകളുടെ ജീവിത കഥാഗതികള്‍.
ഓരോ ജതകതാളിലും രക്തകറപുരണ്ട ജീവിത യുദ്ധങ്ങള്‍.
അശാന്തിക്കു വഴിയൊരുക്കിയ ജീവിത വിധിസമസ്യകള്‍.

ജാതകപുറങ്ങളില്‍ നിന്നും ചാവേറുകള്‍ പുറത്ത് വന്നു.
ഇതുവരെ പറയാത്ത പരാജയ  കഥകള്‍ പറഞ്ഞു.

ജീവിത പലകയില്‍ കവടികള്‍ ജാതക പൊരുള്‍ നിരത്തി.
ജന്മനക്ഷത്രങ്ങള്‍ ധര്മാധര്‍മ യുദ്ധങ്ങള്‍ക്ക് സാക്ഷിയായി.
പന്ത്രണ്ടു രാശിയിലും തലമുറകള്‍ പോരടിച്ചു വീണു.
ഗ്രഹനിലകളില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നു വന്നു.

മഹാഭാരത കഥയ്ക്ക് വീണ്ടും സമാനതകള്‍ പിറന്നു.
ശരി തെറ്റുകള്‍  പ്രത്യക്ഷങ്ങള്‍ക്ക് അതീതമായി.

പുതിയ കൌരവ-പാണ്ടവ പക്ഷങ്ങള്‍ പിറവിയെടുത്തു.
ചതിയും ചൂതും പണയവും പലതവണ ആവര്‍ത്തിച്ചു.
സര്‍വ്വസ്വത്തുക്കളും  മാനവും ജപ്തി ചെയ്തു പോയി.
കളിക്കളങ്ങളില്‍ പരിണയ പെണ്ണുങ്ങള്‍ പാഞ്ചാലിയായി.

ആയുധപ്പുരകളില്‍ പുതിയ അതിഥികള്‍  വന്നു പോയി.
ഉയിരിനും ഉടലിനും വിലയിട്ടു ഉടമ്പടിക്കരാര്‍ ഉറപ്പിച്ചു.
അധോലോകത്ത് നിന്നും പടഹധ്വനികള്‍ ‍ ഉയര്‍ന്നു വന്നു.
കാണാമറയത്തു  നിന്നും മാറ്പിളര്ക്കുന്നവര്‍ പുറത്തിറങ്ങി.

പിതാമഹാന്മാര്‍  ഉത്തരായണം കാത്തു വൃദ്ധസദനത്തിലായി.
പഠിച്ചതൊക്കെയും മറന്നു മക്കള്‍  പത്മവ്യൂഹത്തില്‍ പെട്ടു.
ബിരുദാനന്തര ബിരുദങ്ങള്‍ കവചകുണ്ഡലങ്ങള്‍ ആയി.
ജീവിതം എളുപ്പ വഴിക്ക് ക്രിയ ചെയ്തു സമനില തെറ്റി.

ശുക്രലഗ്നത്ത്തില്‍ ഭാഗ്യക്കുറി എടുത്തു പണയമിരുന്നു.
പത്തില്‍ പത്ത് പൊരുത്തവും കുടുംബ കോടാതി കയറി.
ജലരാശിയില്‍ പ്രതീക്ഷകള്‍ ഉരുള്‍പൊട്ടി ഒലിച്ചുപോയി.
വായുരാശിയില്‍ പ്രാണന്‍ ഐസിയുവില്‍ ക്യൂവിലായി.

മോര്‍ച്ചറികള്‍ക്ക് മുന്നില്‍ ഗാന്ധാരി കണ്ണിന്റെ കെട്ടഴിച്ചു.
ദൃതരാഷ്ട്രര്‍ ചാവേര്‍സ്മാരകങ്ങളെ ആലിംഗനം ചെയ്തുടച്ചു.
പാണ്ടുവും കുന്തിയും വാര്‍ദ്ധക്യകാലപെന്ഷനായ് കാത്തിരുന്നു.
അശ്വത്ഥമാവിന്റെ അശാന്തികുടിച്ചു ബാറില്‍ ചാവേറുകള്‍ ചത്തു.

ഭര്‍തൃബാണമെറ്റ ഭാര്യമാര്‍ പെണ്കരുത്തു പുറത്തെടുത്തു.
അഴിഞ്ഞുലഞ്ഞ മുടി രക്തക്കറപുരളാതെ സ്വയം കെട്ടിവെച്ചു.
പുര നിറഞ്ഞ പുത്രിമാരെ ഗദ കൊടുത്തു പുറത്തിറക്കി.
ചാവേറുകളുടെ ചിതത്തറയില്‍ പുനര്‍ജനിയുടെ പടുമുളകള്‍!!

ചാവേറുകളുടെ പരലോക ജീവിത ഗണിതങ്ങളില്‍
ഇപ്പോള്‍ സ്വര്‍ഗ്ഗ-നരക കഥയുടെ തനിയാവര്‍ത്തനങ്ങള്‍.

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

കാലനാമ സങ്കീര്‍ത്തനം

കളിചിരി മായാത്ത മനസ്സിലമ്മതന്‍ മരണം
ബലിവിളക്ക് കൊളുത്തിയ ബാല്യകാലം.
കളിത്തറപറമ്പില്‍ കളിവീട്  കെട്ടുമ്പോള്‍
കുടിയിറക്കിനാല്‍ കൈവിട്ട കവ്മാരകാലം.
ഒളിപ്പിച്ചു വെക്കുവാന്‍ മയില്പീലികട്ട്
തല്ലുകൊണ്ട് മാപ്പിരന്നുനേടിയ പഠനകാലം.
പുസ്തകക്കെട്ടില്‍ നിന്നും അടര്‍ന്നുവീണ
അക്ഷരക്കതിരുകള്‍ കരുതിവെച്ച  അറിവുകാലം.
ക്ഷുഭിതയവ്വനം  കനലൂതി കൊളുത്തിയ
തിരിനാളം പൊള്ളിച്ച പ്രണയകാലം.
വയസ്സും ആയുസ്സും  വിതുമ്പിനില്‍ക്കുമ്പോള്‍
വിടപറയുവാനായി വന്ന വസന്തകാലം.
വിശപ്പടക്കുവാന്‍ വിലപേശി വില്‍ക്കാതെ
വയര്‍മുറുക്കി മറികടന്ന  വറുതിക്കാലം.
അതിരുകള്‍ക്കുള്ളില്‍ ഇരുളിലോളിചുവാണിരുന്ന
അരുതുകള്‍ ഫണം വിടര്തിയാടിയ  കുരുതിക്കാലം.
ജീവിത സമസ്യ പൂരിപ്പിക്കുവാനുള്ള ഊര്‍ജം
വലിചൂറ്റിക്കുടിച്ചു തിടംവെച്ച  കലികാലം.

ഭൂതവും വര്‍ത്തമാനവും ഭാവിയും കലര്‍ന്ന
കാലനാമങ്ങള്‍ എഴുതിയ ഭൂമികക്കിപ്പുറം
പല കാലത്തിലൂടെ പടികയറിയിറങ്ങിയ  ജന്മം
സ്വയം പകര്‍ന്നു  ആടിക്കൊന്ടെയിരിക്കുന്നു.
ആടിയാടി ഒടുങ്ങുന്ന കാലത്തിലേക്കുള്ള ദൂരം
അളക്കുവാന്‍ പാദങ്ങള്‍ മണ്ണില്ലൂന്നി മുന്നേറവേ
കണ്ണുകള്‍ വിണ്ണിലേക്കു വിദൂരമായ് നോക്കുന്നു.

2010, ജൂലൈ 31, ശനിയാഴ്‌ച

വാട്ടര്‍ ബെഡ്

നിറഞ്ഞയവ്വന കൊടുമുടിയില്‍ നിന്നും
അടിതെറ്റി  വീണ  നിര്‍ഭാഗ്യവാന്‍.
അകാലത്തില്‍ തനുതളര്‍ന്നു കിടപ്പിലായവന്‍.
അയാള്‍ക്ക്‌ വേണ്ടിയാണ് എന്നെ ഫ്ലാറ്റില്‍ എത്തിച്ചത്.

കടുംനിറമുള്ള  കിടപ്പുമുറിയിലെ കട്ടിലിലയാളെ
എന്റെമേല്‍ കിടത്തി വീട്ടുകാര്‍  വിടവാങ്ങി.
ഞാനയാളുടെ വേദനകളെ പതുക്കെ വിഴുങ്ങി.
സഹശയന സാന്ത്വന  മന്ത്രങ്ങള്‍ ഏറ്റുപാടി.

കിടപ്പുമുറി പലകുറി പുതുനിറത്തില്‍ നവീകരിച്ചു.
പുതുവര്‍ഷം വരവ് അറിയിച്ചുകൊണ്ടിരുന്നു.
ഉറ്റവര്‍ പ്രതീക്ഷിച്ച ആള്‍ മാത്രം വന്നില്ല.
അയാളൊന്നും അറിഞ്ഞില്ല.

അയാളെന്നില്‍ ഉറങ്ങിമയങ്ങി കിടന്നു.
അയാളെന്നില്‍ മൂത്രമൊഴിച്ച്ചു,തൂറി.
എല്ലാത്തിനും അവളുണ്ട്-
വിലക്കെടുത്ത പരിചാരിക.

ഉറ്റവര്‍ ഒഴിഞ്ഞുകൊഴിഞ്ഞേ പോയ്‌.
എന്നില്‍ അയാള്‍ എഴഞ്ഞഴിഞ്ഞേ കിടന്നു.
എനിക്കയാള്‍ ഒരു ഭാരമേ അല്ലാതായി.
അവര്‍ക്ക് അയാള്‍ ഒത്ത ഭാരമായി.

ദാ,ഇപ്പൊള് അയാളുടെ ഭാരം കൂടുന്നുവല്ലോ!
ശ്ശോ, ശ്വാസം വലിക്കല്‍ നിലക്കുന്നുവല്ലോ!!
ഇപ്പൊള് അയാള്‍ എനിക്ക് ഭാരം.
അവരുടെ ഭാരം ഒഴിഞ്ഞു.

അവര്‍ അയാളെ എന്നില്‍നിന്നും എടുത്തു.
കുളിപ്പിച്ച് കരുതിവെച്ച വെള്ളപുതപ്പിച്ചു.
പരിചാരിക എന്നെയും എടുത്തു കുളിപ്പിച്ചു.
എല്ലാവരും അയാള്‍ക്കന്ത്യ യാത്ര ചൊല്ലി.

മുറിയില്‍ ഞാനും പരിചാരികയും മാത്രം.
ഇനിയെന്റെ അടുത്ത യാത്ര എവിടേക്ക്?
ഇനിനിന്റെ അടുത്ത ഊഴം എപ്പോള്?
ഒഴിഞ്ഞ കട്ടില്‍ നോക്കി കരയുന്നുവോ?
വാ പോകാം.

2010, ജൂലൈ 28, ബുധനാഴ്‌ച

വിപരീത ജീവിതം.

തിരിച്ചറിവിന്റെ വാല്മീകത്തിലിരിക്കുമ്പോള്‍
തിരസ്ക്കാരത്തിന്റെ കയ്യൊപ്പുകള്‍.
നിശബ്ദ ‍പിറവികള്‍ക്കു കാതോര്ത്തിരിക്കുമ്പോള്‍
നിബിഡനിബന്ധനകളുടെ കുടുംബനിഗൂഡതകള്‍.
ജ്വരരാത്രികളില്‍ ഉടല്‍ പിടയുമ്പോള്‍
ജാരജന്മ കനല്‍ കണ്ണുകള്‍.
മുറിമാറില്‍ മുല ചുരത്തുമ്പോള്‍
മുജ്ജന്മാശാപ ജാതകനാഗങ്ങള്‍.
വഴികളില്‍ മിഴിനട്ട് നനക്കുമ്പോള്‍
വേട്ടനായ്ക്കളുടെ കുരക്കരുത്തുകള്‍.
വിവാഹ രാശിയില്‍ തിരിതെളിക്കുമ്പോള്‍
വലതുകാല്‍ വെക്കുവാന്‍ വാരിക്കുഴികള്‍.
അക്ഷരക്കനിക്കായ്‌ വാതുറന്നിരിക്കുമ്പോള്‍
ഇഷ്ടഗുരുക്കള്‍ നാവറുത്തിട്ട നാക്കിലചീന്തുകള്‍.
കരിപുരണ്ട ദിനങ്ങള്‍ക്ക്‌ കാവലിരിക്കുമ്പോള്‍
ഇരുള്‍ചിറകുമായെത്തിയ പരിണയപക്ഷികള്‍.
തൊട്ടു നമസ്കരിക്കുവാന്‍ തല കുമ്പിടുമ്പോള്‍
മുട്ടറ്റം പുണ്ണ്പൂത്ത പഴുത്ത കാലുകള്‍.
കണ്ണീര്‍കലങ്ങളില്‍ കിനാവ്കഴുകുമ്പോള്‍
കാളകൂടം പകര്‍ന്ന  കറുത്ത കയ്യുകള്‍.
ദാവണിചുറ്റിയ പ്രണയസൂര്യനുണരുമ്പോള്‍
ശോണിമചാര്‍ത്തിയ അസ്തമയ ശയ്യകള്‍.
'രമണനും''കരുണയും' കരളിലൂറുമ്പോള്‍
തരുണയവ്വന മരണപ്പകര്ച്ച്ചകള്‍.
ഉള്ളിലെ എരിതീയില്‍ ‍മുലഞരമ്പ് പൊട്ടുമ്പോള്‍
ഉടുതുണി ഉരിഞ്ഞെടുത്ത  സദാചാരപുരോഹിതര്‍.
ഉയിര്നേടുവാന്‍ ആശ്രയശ്ലോകങ്ങള്‍ ഉരുവിടുമ്പോള്‍
ഉടലാകെ  മരണത്ത്തുടലിട്ട് കെട്ടിയ പുരത്തൂണുകള്‍.
വീണ്ടെടുപ്പിനായ്‌  തുടലഴിക്കുമ്പോള്‍
വീട്ടടുപ്പില്‍  ഉടല്‍ വെന്ത കനലുകള്‍. 
കനലുകള്‍ കത്തി പുര നിലംപതിക്കുമ്പോള്‍
വിണ്ണില്‍  വിപരീതജീവിത ബലിക്കാക്കകള്‍.
ഇദം നമഹ.

ഇപ്പോള്‍
ഉടല്‍ ഉണരുന്നുണ്ട്.
തല ഉയരുന്നുണ്ട്,
തണ്ടല്‍ നിവരുന്നുണ്ട്,
കണ്ണുകള്‍ കാണുന്നുണ്ട്,
കാതുകള്‍ കേള്‍ക്കുന്നുണ്ട്,
കാലുകള്‍ ചലിക്കുന്നുണ്ട്.
കൈകള്‍ വീശുന്നുണ്ട്.
മൂക്കിനു നവവായുവുണ്ട്.
നാക്കിനു പുതുവാക്കുണ്ട്.
മുലകളില്‍ ജീവാമൃതമുണ്ട്.
മനസ്സില്‍ മാനസസരസ്സുകളുണ്ട്‌.

2010, ജൂലൈ 25, ഞായറാഴ്‌ച

പുറത്തേക്ക്‌...പുറത്തേക്ക്‌...

അങ്ങിനെ നിര്ഭാഗ്യവതിയായി കഴിഞ്ഞ ഞാന്‍ അവസാനം ബ്ലോഗ്‌ ലോകത്തേക്ക് കാലെടുത്തു വെച്ച് എന്റെ നിര്ഭാഗ്യങ്ങളെ മറികടക്കാന്‍ പരിശ്രേമിക്കുകയാണ്. അരണ്ട വെളിച്ചത്തില്‍ സ്വയം ഇല്ലാതാകുന്ന ഒരവസ്ഥയില്‍ നിന്നും ഞാന്‍ പതുക്കെ പുറത്തു കടക്കുകയാണ്.വലിയ വായിച്ചറിവില്ല,എങ്കിലും ഏറെ ജീവിതാനുഭവങ്ങള്‍ ഉണ്ട്. എന്നും ജീവിതം ഒരേ വഴിയില്‍ പോകില്ലല്ലോ? അല്ലെ. മുറിവേറ്റ മുഷിഞ്ഞ മുറിയില്‍ നിന്നും പതുക്കെ ഞാന്‍ എന്നെ തന്നെ പുറത്തേക്കു സ്വയം എറിയുന്നു. അകത്തു നിന്ന് ഏറെ ഏറു കൊണ്ടിരുന്നു.ഇനി പുറത്തു നിന്നും ആകാം.
അനുഭവങ്ങള്‍