2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ചാവേറുകളുടെ മഹാഭാരതം
ചാവേറുകളുടെ ഇഹലോക ജീവിത ഗുണപാഠങ്ങളില്‍
മഹാഭാരത കഥയുടെ തനിയാവര്‍ത്തനങ്ങള്‍.

ചരിത്ര വഴികള്‍ പോലെ ചാവേറുകളുടെ  ജീവിതപാതകള്‍.
മഹാഭാരതവേരുള്ള ചാവേറുകളുടെ ജീവിത കഥാഗതികള്‍.
ഓരോ ജതകതാളിലും രക്തകറപുരണ്ട ജീവിത യുദ്ധങ്ങള്‍.
അശാന്തിക്കു വഴിയൊരുക്കിയ ജീവിത വിധിസമസ്യകള്‍.

ജാതകപുറങ്ങളില്‍ നിന്നും ചാവേറുകള്‍ പുറത്ത് വന്നു.
ഇതുവരെ പറയാത്ത പരാജയ  കഥകള്‍ പറഞ്ഞു.

ജീവിത പലകയില്‍ കവടികള്‍ ജാതക പൊരുള്‍ നിരത്തി.
ജന്മനക്ഷത്രങ്ങള്‍ ധര്മാധര്‍മ യുദ്ധങ്ങള്‍ക്ക് സാക്ഷിയായി.
പന്ത്രണ്ടു രാശിയിലും തലമുറകള്‍ പോരടിച്ചു വീണു.
ഗ്രഹനിലകളില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നു വന്നു.

മഹാഭാരത കഥയ്ക്ക് വീണ്ടും സമാനതകള്‍ പിറന്നു.
ശരി തെറ്റുകള്‍  പ്രത്യക്ഷങ്ങള്‍ക്ക് അതീതമായി.

പുതിയ കൌരവ-പാണ്ടവ പക്ഷങ്ങള്‍ പിറവിയെടുത്തു.
ചതിയും ചൂതും പണയവും പലതവണ ആവര്‍ത്തിച്ചു.
സര്‍വ്വസ്വത്തുക്കളും  മാനവും ജപ്തി ചെയ്തു പോയി.
കളിക്കളങ്ങളില്‍ പരിണയ പെണ്ണുങ്ങള്‍ പാഞ്ചാലിയായി.

ആയുധപ്പുരകളില്‍ പുതിയ അതിഥികള്‍  വന്നു പോയി.
ഉയിരിനും ഉടലിനും വിലയിട്ടു ഉടമ്പടിക്കരാര്‍ ഉറപ്പിച്ചു.
അധോലോകത്ത് നിന്നും പടഹധ്വനികള്‍ ‍ ഉയര്‍ന്നു വന്നു.
കാണാമറയത്തു  നിന്നും മാറ്പിളര്ക്കുന്നവര്‍ പുറത്തിറങ്ങി.

പിതാമഹാന്മാര്‍  ഉത്തരായണം കാത്തു വൃദ്ധസദനത്തിലായി.
പഠിച്ചതൊക്കെയും മറന്നു മക്കള്‍  പത്മവ്യൂഹത്തില്‍ പെട്ടു.
ബിരുദാനന്തര ബിരുദങ്ങള്‍ കവചകുണ്ഡലങ്ങള്‍ ആയി.
ജീവിതം എളുപ്പ വഴിക്ക് ക്രിയ ചെയ്തു സമനില തെറ്റി.

ശുക്രലഗ്നത്ത്തില്‍ ഭാഗ്യക്കുറി എടുത്തു പണയമിരുന്നു.
പത്തില്‍ പത്ത് പൊരുത്തവും കുടുംബ കോടാതി കയറി.
ജലരാശിയില്‍ പ്രതീക്ഷകള്‍ ഉരുള്‍പൊട്ടി ഒലിച്ചുപോയി.
വായുരാശിയില്‍ പ്രാണന്‍ ഐസിയുവില്‍ ക്യൂവിലായി.

മോര്‍ച്ചറികള്‍ക്ക് മുന്നില്‍ ഗാന്ധാരി കണ്ണിന്റെ കെട്ടഴിച്ചു.
ദൃതരാഷ്ട്രര്‍ ചാവേര്‍സ്മാരകങ്ങളെ ആലിംഗനം ചെയ്തുടച്ചു.
പാണ്ടുവും കുന്തിയും വാര്‍ദ്ധക്യകാലപെന്ഷനായ് കാത്തിരുന്നു.
അശ്വത്ഥമാവിന്റെ അശാന്തികുടിച്ചു ബാറില്‍ ചാവേറുകള്‍ ചത്തു.

ഭര്‍തൃബാണമെറ്റ ഭാര്യമാര്‍ പെണ്കരുത്തു പുറത്തെടുത്തു.
അഴിഞ്ഞുലഞ്ഞ മുടി രക്തക്കറപുരളാതെ സ്വയം കെട്ടിവെച്ചു.
പുര നിറഞ്ഞ പുത്രിമാരെ ഗദ കൊടുത്തു പുറത്തിറക്കി.
ചാവേറുകളുടെ ചിതത്തറയില്‍ പുനര്‍ജനിയുടെ പടുമുളകള്‍!!

ചാവേറുകളുടെ പരലോക ജീവിത ഗണിതങ്ങളില്‍
ഇപ്പോള്‍ സ്വര്‍ഗ്ഗ-നരക കഥയുടെ തനിയാവര്‍ത്തനങ്ങള്‍.

14 അഭിപ്രായങ്ങൾ:

Ivo Serentha and Friends പറഞ്ഞു...

Compliments for your blog and pictures included, I invite you to see the photo blog,
CLICK PHOTOSPHERA

Each week released a new album

Greetings from Italy

Marlow

WHO M I? പറഞ്ഞു...

കവിതയിലെ വാചകങ്ങള്‍ക്ക് കുറച്ചു കൂടി അടുക്കു വരുത്താമെന്നു തോന്നി. അപ്പോള്‍ വായിക്കുമ്പോള്‍ കുറച്ച കൂടി സുഖം ഉണ്ടാകും ..

അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്...

കെട്ടുങ്ങല്‍ KettUngaL പറഞ്ഞു...

Excellent

ഭാനു കളരിക്കല്‍ പറഞ്ഞു...

വര്‍ത്തമാന കാല ദുരവസ്ഥകളെ നന്നായി വരച്ചു വച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

സോണ ജി പറഞ്ഞു...

nannayittundu..mashe...

Echmukutty പറഞ്ഞു...

കവിതയെഴുതി പരിചയമില്ല.
എന്നാലും ......
എഴുത്തിന്റെ രീതി ഇഷ്ടമായി. തുടരൂ.
ഇനിയും വരാം.

മുകിൽ പറഞ്ഞു...

നന്നായിരിക്കുന്നു. ആദ്യമായാണിവിടെ. എഴുതൂ. ഉള്ളു പ്രവഹിക്കട്ടെ. ജന്മത്തോടുള്ള അമർഷമലിഞ്ഞു സർഗ്ഗപ്രതിഭയിൽ ശാന്തി വരട്ടെ. ആശംസകൾ.

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ക്രൂരമായ സത്യങ്ങള്‍..
ആശംസകള്‍.. അഭിനന്ദനങ്ങള്‍.. എഴുത്ത് തുടരുക..

Raghunath.O പറഞ്ഞു...

nice

ശ്രീനാഥന്‍ പറഞ്ഞു...

പുതിയ ചാവേറുകളെ മഹാഭാരത വെളിച്ച്ത്തിൽ കാണുന്നതു നന്നായി, കവിത വിവരണം കുറച്ച് കൂടുതൽ ധ്വനിസാന്ദ്രമാക്കുമല്ലോ!

anoop പറഞ്ഞു...

ഈ കവിതയില്‍ മികച്ച വരികള്‍ വേറെയുണ്ടെങ്കിലും..ജീവിതം എന്നെ കൊണ്ട് ഇത് തിരഞ്ഞെടുപ്പിക്കുന്നു..!

പഠിച്ചതൊക്കെയും മറന്നു മക്കള്‍ പത്മവ്യൂഹത്തില്‍ പെട്ടു.
ബിരുദാനന്തര ബിരുദങ്ങള്‍ കവചകുണ്ഡലങ്ങള്‍ ആയി...

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

GooD!

the man to walk with പറഞ്ഞു...

അശ്വത്ഥമാവിന്റെ അശാന്തികുടിച്ചു ബാറില്‍ ചാവേറുകള്‍ ചത്തു.