2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

പാഥേയമില്ലാത്ത പലായനങ്ങള്‍

  
    

    വിദ്യകളെല്ലാം നിങ്ങള്ക്ക്
    വിവരമില്ലായ്മകള്‍  ഞങ്ങക്ക്.
    നിങ്ങള്ക്ക് രാജകീയ വീഥികള്‍
    ഞങ്ങള്‍ക്ക് വഴിയോരപാതകള്‍

    മരുഭൂമികള്‍ ഞങ്ങള്‍ക്ക്
    മരതകതോപ്പുകള്‍ നിങ്ങള്ക്ക്.
    നിങ്ങള്ക്ക്  മഹാസൌധങ്ങള്‍
    ഞങ്ങള്‍ക്ക് ചെറിയകുടിലുകള്‍.

    വിഷവായു ഞങ്ങള്‍ക്ക്
    ശുദ്ധവായു നിങ്ങള്ക്ക്.
    ഞങ്ങള്‍ക്ക് മാറാരോഗങ്ങള്‍
    നിങ്ങള്ക്ക് ആയുരാരോഗ്യം.

    ആഗോള വിപണി നിങ്ങള്ക്ക്
    ആഗോള താപനം ഞങ്ങള്‍ക്ക്.
    നിങ്ങള്ക്ക് ആഗോളസുരക്ഷ
    ഞങ്ങള്‍ക്ക് അരക്ഷിതാവസ്ഥ.

    ആഘോഷങ്ങള്‍  നിങ്ങള്ക്ക്
    ആക്ഷേപങ്ങള്‍ ഞങ്ങള്‍ക്ക്.
    നിങ്ങള്ക്ക് പുരസ്കാരങ്ങള്‍
    ഞങ്ങള്‍ക്ക് തിരസ്കാരങ്ങള്‍.

    കോടതികള്‍ നിങ്ങള്ക്ക്
    ജയിലറകള്‍  ഞങ്ങള്‍ക്ക്.
    നിങ്ങള്ക്ക് കോടികള്‍
    ഞങ്ങള്‍ക്ക് കടക്കെണികള്‍.

    നിശ്ശബ്ദരാക്കിയും
    നിരായുധരാക്കിയും
    നിങ്ങളുടെ വികസനവിസര്‍ജ്യം
    ഞങ്ങള്‍ക്ക് വിളമ്പിയും

    ഭരണ ഘടനയില്‍ നിന്നും
    ഭരണ കൂടത്തില്‍ നിന്നും
    നിങ്ങള്‍ ഞങ്ങളെ
    പാര്ശ്വവല്ക്കരിച്ചും

    നിങ്ങള്‍ എല്ലാ സ്ഥലങ്ങളും
    വിഭവങ്ങളും സ്വന്തമാക്കി
    ഞങ്ങളെ സ്വന്തം മണ്ണില്‍
    അഭയാര്‍ഥികളാക്കുന്നു.

     നിങ്ങള്‍ പരസ്പരം
     കൈകോര്‍ക്കുമ്പോള്‍
     ഞങ്ങള്‍ പാഥേയമില്ലാതെ
     പലായനം ചെയ്യുന്നു.

           

2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ചാവേറുകളുടെ മഹാഭാരതം
ചാവേറുകളുടെ ഇഹലോക ജീവിത ഗുണപാഠങ്ങളില്‍
മഹാഭാരത കഥയുടെ തനിയാവര്‍ത്തനങ്ങള്‍.

ചരിത്ര വഴികള്‍ പോലെ ചാവേറുകളുടെ  ജീവിതപാതകള്‍.
മഹാഭാരതവേരുള്ള ചാവേറുകളുടെ ജീവിത കഥാഗതികള്‍.
ഓരോ ജതകതാളിലും രക്തകറപുരണ്ട ജീവിത യുദ്ധങ്ങള്‍.
അശാന്തിക്കു വഴിയൊരുക്കിയ ജീവിത വിധിസമസ്യകള്‍.

ജാതകപുറങ്ങളില്‍ നിന്നും ചാവേറുകള്‍ പുറത്ത് വന്നു.
ഇതുവരെ പറയാത്ത പരാജയ  കഥകള്‍ പറഞ്ഞു.

ജീവിത പലകയില്‍ കവടികള്‍ ജാതക പൊരുള്‍ നിരത്തി.
ജന്മനക്ഷത്രങ്ങള്‍ ധര്മാധര്‍മ യുദ്ധങ്ങള്‍ക്ക് സാക്ഷിയായി.
പന്ത്രണ്ടു രാശിയിലും തലമുറകള്‍ പോരടിച്ചു വീണു.
ഗ്രഹനിലകളില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നു വന്നു.

മഹാഭാരത കഥയ്ക്ക് വീണ്ടും സമാനതകള്‍ പിറന്നു.
ശരി തെറ്റുകള്‍  പ്രത്യക്ഷങ്ങള്‍ക്ക് അതീതമായി.

പുതിയ കൌരവ-പാണ്ടവ പക്ഷങ്ങള്‍ പിറവിയെടുത്തു.
ചതിയും ചൂതും പണയവും പലതവണ ആവര്‍ത്തിച്ചു.
സര്‍വ്വസ്വത്തുക്കളും  മാനവും ജപ്തി ചെയ്തു പോയി.
കളിക്കളങ്ങളില്‍ പരിണയ പെണ്ണുങ്ങള്‍ പാഞ്ചാലിയായി.

ആയുധപ്പുരകളില്‍ പുതിയ അതിഥികള്‍  വന്നു പോയി.
ഉയിരിനും ഉടലിനും വിലയിട്ടു ഉടമ്പടിക്കരാര്‍ ഉറപ്പിച്ചു.
അധോലോകത്ത് നിന്നും പടഹധ്വനികള്‍ ‍ ഉയര്‍ന്നു വന്നു.
കാണാമറയത്തു  നിന്നും മാറ്പിളര്ക്കുന്നവര്‍ പുറത്തിറങ്ങി.

പിതാമഹാന്മാര്‍  ഉത്തരായണം കാത്തു വൃദ്ധസദനത്തിലായി.
പഠിച്ചതൊക്കെയും മറന്നു മക്കള്‍  പത്മവ്യൂഹത്തില്‍ പെട്ടു.
ബിരുദാനന്തര ബിരുദങ്ങള്‍ കവചകുണ്ഡലങ്ങള്‍ ആയി.
ജീവിതം എളുപ്പ വഴിക്ക് ക്രിയ ചെയ്തു സമനില തെറ്റി.

ശുക്രലഗ്നത്ത്തില്‍ ഭാഗ്യക്കുറി എടുത്തു പണയമിരുന്നു.
പത്തില്‍ പത്ത് പൊരുത്തവും കുടുംബ കോടാതി കയറി.
ജലരാശിയില്‍ പ്രതീക്ഷകള്‍ ഉരുള്‍പൊട്ടി ഒലിച്ചുപോയി.
വായുരാശിയില്‍ പ്രാണന്‍ ഐസിയുവില്‍ ക്യൂവിലായി.

മോര്‍ച്ചറികള്‍ക്ക് മുന്നില്‍ ഗാന്ധാരി കണ്ണിന്റെ കെട്ടഴിച്ചു.
ദൃതരാഷ്ട്രര്‍ ചാവേര്‍സ്മാരകങ്ങളെ ആലിംഗനം ചെയ്തുടച്ചു.
പാണ്ടുവും കുന്തിയും വാര്‍ദ്ധക്യകാലപെന്ഷനായ് കാത്തിരുന്നു.
അശ്വത്ഥമാവിന്റെ അശാന്തികുടിച്ചു ബാറില്‍ ചാവേറുകള്‍ ചത്തു.

ഭര്‍തൃബാണമെറ്റ ഭാര്യമാര്‍ പെണ്കരുത്തു പുറത്തെടുത്തു.
അഴിഞ്ഞുലഞ്ഞ മുടി രക്തക്കറപുരളാതെ സ്വയം കെട്ടിവെച്ചു.
പുര നിറഞ്ഞ പുത്രിമാരെ ഗദ കൊടുത്തു പുറത്തിറക്കി.
ചാവേറുകളുടെ ചിതത്തറയില്‍ പുനര്‍ജനിയുടെ പടുമുളകള്‍!!

ചാവേറുകളുടെ പരലോക ജീവിത ഗണിതങ്ങളില്‍
ഇപ്പോള്‍ സ്വര്‍ഗ്ഗ-നരക കഥയുടെ തനിയാവര്‍ത്തനങ്ങള്‍.

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

കാലനാമ സങ്കീര്‍ത്തനം

കളിചിരി മായാത്ത മനസ്സിലമ്മതന്‍ മരണം
ബലിവിളക്ക് കൊളുത്തിയ ബാല്യകാലം.
കളിത്തറപറമ്പില്‍ കളിവീട്  കെട്ടുമ്പോള്‍
കുടിയിറക്കിനാല്‍ കൈവിട്ട കവ്മാരകാലം.
ഒളിപ്പിച്ചു വെക്കുവാന്‍ മയില്പീലികട്ട്
തല്ലുകൊണ്ട് മാപ്പിരന്നുനേടിയ പഠനകാലം.
പുസ്തകക്കെട്ടില്‍ നിന്നും അടര്‍ന്നുവീണ
അക്ഷരക്കതിരുകള്‍ കരുതിവെച്ച  അറിവുകാലം.
ക്ഷുഭിതയവ്വനം  കനലൂതി കൊളുത്തിയ
തിരിനാളം പൊള്ളിച്ച പ്രണയകാലം.
വയസ്സും ആയുസ്സും  വിതുമ്പിനില്‍ക്കുമ്പോള്‍
വിടപറയുവാനായി വന്ന വസന്തകാലം.
വിശപ്പടക്കുവാന്‍ വിലപേശി വില്‍ക്കാതെ
വയര്‍മുറുക്കി മറികടന്ന  വറുതിക്കാലം.
അതിരുകള്‍ക്കുള്ളില്‍ ഇരുളിലോളിചുവാണിരുന്ന
അരുതുകള്‍ ഫണം വിടര്തിയാടിയ  കുരുതിക്കാലം.
ജീവിത സമസ്യ പൂരിപ്പിക്കുവാനുള്ള ഊര്‍ജം
വലിചൂറ്റിക്കുടിച്ചു തിടംവെച്ച  കലികാലം.

ഭൂതവും വര്‍ത്തമാനവും ഭാവിയും കലര്‍ന്ന
കാലനാമങ്ങള്‍ എഴുതിയ ഭൂമികക്കിപ്പുറം
പല കാലത്തിലൂടെ പടികയറിയിറങ്ങിയ  ജന്മം
സ്വയം പകര്‍ന്നു  ആടിക്കൊന്ടെയിരിക്കുന്നു.
ആടിയാടി ഒടുങ്ങുന്ന കാലത്തിലേക്കുള്ള ദൂരം
അളക്കുവാന്‍ പാദങ്ങള്‍ മണ്ണില്ലൂന്നി മുന്നേറവേ
കണ്ണുകള്‍ വിണ്ണിലേക്കു വിദൂരമായ് നോക്കുന്നു.