2010, ജൂലൈ 31, ശനിയാഴ്‌ച

വാട്ടര്‍ ബെഡ്

നിറഞ്ഞയവ്വന കൊടുമുടിയില്‍ നിന്നും
അടിതെറ്റി  വീണ  നിര്‍ഭാഗ്യവാന്‍.
അകാലത്തില്‍ തനുതളര്‍ന്നു കിടപ്പിലായവന്‍.
അയാള്‍ക്ക്‌ വേണ്ടിയാണ് എന്നെ ഫ്ലാറ്റില്‍ എത്തിച്ചത്.

കടുംനിറമുള്ള  കിടപ്പുമുറിയിലെ കട്ടിലിലയാളെ
എന്റെമേല്‍ കിടത്തി വീട്ടുകാര്‍  വിടവാങ്ങി.
ഞാനയാളുടെ വേദനകളെ പതുക്കെ വിഴുങ്ങി.
സഹശയന സാന്ത്വന  മന്ത്രങ്ങള്‍ ഏറ്റുപാടി.

കിടപ്പുമുറി പലകുറി പുതുനിറത്തില്‍ നവീകരിച്ചു.
പുതുവര്‍ഷം വരവ് അറിയിച്ചുകൊണ്ടിരുന്നു.
ഉറ്റവര്‍ പ്രതീക്ഷിച്ച ആള്‍ മാത്രം വന്നില്ല.
അയാളൊന്നും അറിഞ്ഞില്ല.

അയാളെന്നില്‍ ഉറങ്ങിമയങ്ങി കിടന്നു.
അയാളെന്നില്‍ മൂത്രമൊഴിച്ച്ചു,തൂറി.
എല്ലാത്തിനും അവളുണ്ട്-
വിലക്കെടുത്ത പരിചാരിക.

ഉറ്റവര്‍ ഒഴിഞ്ഞുകൊഴിഞ്ഞേ പോയ്‌.
എന്നില്‍ അയാള്‍ എഴഞ്ഞഴിഞ്ഞേ കിടന്നു.
എനിക്കയാള്‍ ഒരു ഭാരമേ അല്ലാതായി.
അവര്‍ക്ക് അയാള്‍ ഒത്ത ഭാരമായി.

ദാ,ഇപ്പൊള് അയാളുടെ ഭാരം കൂടുന്നുവല്ലോ!
ശ്ശോ, ശ്വാസം വലിക്കല്‍ നിലക്കുന്നുവല്ലോ!!
ഇപ്പൊള് അയാള്‍ എനിക്ക് ഭാരം.
അവരുടെ ഭാരം ഒഴിഞ്ഞു.

അവര്‍ അയാളെ എന്നില്‍നിന്നും എടുത്തു.
കുളിപ്പിച്ച് കരുതിവെച്ച വെള്ളപുതപ്പിച്ചു.
പരിചാരിക എന്നെയും എടുത്തു കുളിപ്പിച്ചു.
എല്ലാവരും അയാള്‍ക്കന്ത്യ യാത്ര ചൊല്ലി.

മുറിയില്‍ ഞാനും പരിചാരികയും മാത്രം.
ഇനിയെന്റെ അടുത്ത യാത്ര എവിടേക്ക്?
ഇനിനിന്റെ അടുത്ത ഊഴം എപ്പോള്?
ഒഴിഞ്ഞ കട്ടില്‍ നോക്കി കരയുന്നുവോ?
വാ പോകാം.

2010, ജൂലൈ 28, ബുധനാഴ്‌ച

വിപരീത ജീവിതം.

തിരിച്ചറിവിന്റെ വാല്മീകത്തിലിരിക്കുമ്പോള്‍
തിരസ്ക്കാരത്തിന്റെ കയ്യൊപ്പുകള്‍.
നിശബ്ദ ‍പിറവികള്‍ക്കു കാതോര്ത്തിരിക്കുമ്പോള്‍
നിബിഡനിബന്ധനകളുടെ കുടുംബനിഗൂഡതകള്‍.
ജ്വരരാത്രികളില്‍ ഉടല്‍ പിടയുമ്പോള്‍
ജാരജന്മ കനല്‍ കണ്ണുകള്‍.
മുറിമാറില്‍ മുല ചുരത്തുമ്പോള്‍
മുജ്ജന്മാശാപ ജാതകനാഗങ്ങള്‍.
വഴികളില്‍ മിഴിനട്ട് നനക്കുമ്പോള്‍
വേട്ടനായ്ക്കളുടെ കുരക്കരുത്തുകള്‍.
വിവാഹ രാശിയില്‍ തിരിതെളിക്കുമ്പോള്‍
വലതുകാല്‍ വെക്കുവാന്‍ വാരിക്കുഴികള്‍.
അക്ഷരക്കനിക്കായ്‌ വാതുറന്നിരിക്കുമ്പോള്‍
ഇഷ്ടഗുരുക്കള്‍ നാവറുത്തിട്ട നാക്കിലചീന്തുകള്‍.
കരിപുരണ്ട ദിനങ്ങള്‍ക്ക്‌ കാവലിരിക്കുമ്പോള്‍
ഇരുള്‍ചിറകുമായെത്തിയ പരിണയപക്ഷികള്‍.
തൊട്ടു നമസ്കരിക്കുവാന്‍ തല കുമ്പിടുമ്പോള്‍
മുട്ടറ്റം പുണ്ണ്പൂത്ത പഴുത്ത കാലുകള്‍.
കണ്ണീര്‍കലങ്ങളില്‍ കിനാവ്കഴുകുമ്പോള്‍
കാളകൂടം പകര്‍ന്ന  കറുത്ത കയ്യുകള്‍.
ദാവണിചുറ്റിയ പ്രണയസൂര്യനുണരുമ്പോള്‍
ശോണിമചാര്‍ത്തിയ അസ്തമയ ശയ്യകള്‍.
'രമണനും''കരുണയും' കരളിലൂറുമ്പോള്‍
തരുണയവ്വന മരണപ്പകര്ച്ച്ചകള്‍.
ഉള്ളിലെ എരിതീയില്‍ ‍മുലഞരമ്പ് പൊട്ടുമ്പോള്‍
ഉടുതുണി ഉരിഞ്ഞെടുത്ത  സദാചാരപുരോഹിതര്‍.
ഉയിര്നേടുവാന്‍ ആശ്രയശ്ലോകങ്ങള്‍ ഉരുവിടുമ്പോള്‍
ഉടലാകെ  മരണത്ത്തുടലിട്ട് കെട്ടിയ പുരത്തൂണുകള്‍.
വീണ്ടെടുപ്പിനായ്‌  തുടലഴിക്കുമ്പോള്‍
വീട്ടടുപ്പില്‍  ഉടല്‍ വെന്ത കനലുകള്‍. 
കനലുകള്‍ കത്തി പുര നിലംപതിക്കുമ്പോള്‍
വിണ്ണില്‍  വിപരീതജീവിത ബലിക്കാക്കകള്‍.
ഇദം നമഹ.

ഇപ്പോള്‍
ഉടല്‍ ഉണരുന്നുണ്ട്.
തല ഉയരുന്നുണ്ട്,
തണ്ടല്‍ നിവരുന്നുണ്ട്,
കണ്ണുകള്‍ കാണുന്നുണ്ട്,
കാതുകള്‍ കേള്‍ക്കുന്നുണ്ട്,
കാലുകള്‍ ചലിക്കുന്നുണ്ട്.
കൈകള്‍ വീശുന്നുണ്ട്.
മൂക്കിനു നവവായുവുണ്ട്.
നാക്കിനു പുതുവാക്കുണ്ട്.
മുലകളില്‍ ജീവാമൃതമുണ്ട്.
മനസ്സില്‍ മാനസസരസ്സുകളുണ്ട്‌.

2010, ജൂലൈ 25, ഞായറാഴ്‌ച

പുറത്തേക്ക്‌...പുറത്തേക്ക്‌...

അങ്ങിനെ നിര്ഭാഗ്യവതിയായി കഴിഞ്ഞ ഞാന്‍ അവസാനം ബ്ലോഗ്‌ ലോകത്തേക്ക് കാലെടുത്തു വെച്ച് എന്റെ നിര്ഭാഗ്യങ്ങളെ മറികടക്കാന്‍ പരിശ്രേമിക്കുകയാണ്. അരണ്ട വെളിച്ചത്തില്‍ സ്വയം ഇല്ലാതാകുന്ന ഒരവസ്ഥയില്‍ നിന്നും ഞാന്‍ പതുക്കെ പുറത്തു കടക്കുകയാണ്.വലിയ വായിച്ചറിവില്ല,എങ്കിലും ഏറെ ജീവിതാനുഭവങ്ങള്‍ ഉണ്ട്. എന്നും ജീവിതം ഒരേ വഴിയില്‍ പോകില്ലല്ലോ? അല്ലെ. മുറിവേറ്റ മുഷിഞ്ഞ മുറിയില്‍ നിന്നും പതുക്കെ ഞാന്‍ എന്നെ തന്നെ പുറത്തേക്കു സ്വയം എറിയുന്നു. അകത്തു നിന്ന് ഏറെ ഏറു കൊണ്ടിരുന്നു.ഇനി പുറത്തു നിന്നും ആകാം.
അനുഭവങ്ങള്‍