
ആദ്യമായാണ് ഒരു തീവ്രവാദിയെ
പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത്.
വെടിയുണ്ടകള്‍ എല്ലാം കടന്നു പോയത്
നെഞ്ചിലൂടെ ആണല്ലോ?
തുറന്നു നോക്കട്ടെ.
കരള്‍ കലങ്ങി കിടപ്പുണ്ട്
കരളുറപ്പ് ആര്‍ക്കു വേണ്ടി ആയിരുന്നു?
ഹൃദയം ചിതറി പോയിട്ടുണ്ട്
സ്പന്ദനങ്ങള്‍ സ്പോടനങ്ങള്‍ക്ക് വേണ്ടിയോ?
ആമാശയം നിറയെ രക്തം
വയര്‍ നിറക്കുവാന്‍ കവര്‍ന്ന അന്നം ആരുടെ?
കൈകള്‍ വേര്‍പെട്ടു കിടക്കുന്നു
പിഴച്ച ഉന്നം പിഴുതെറിഞ്ഞത് ആരെയൊക്കെ?
ഒരു കാല്‍ കാണാനേ ഇല്ല
കടം കൊടുത്തുവോ അതോ കവര്‍ന്നെടുത്തുവോ?
വായ തുറന്നിരിക്കുന്നു
തീരാത്ത ദാഹം എന്തിനു വേണ്ടി ആയിരുന്നു?
കണ്ണുകള്‍ രണ്ടും തുറന്നു തന്നെ
കണ്‍പാര്‍ത്ത തീവ്ര സ്വപ്‌നങ്ങള്‍ ആരുടേത്?
ഇനി ശിരസ്സ് തുറന്നു നോക്കട്ടെ
തലച്ചോറില്‍ നിറയെ പുഴുക്കള്‍!
നിരയായി പുഴുക്കള്‍ പുറത്തേക്കു ഒഴുകുന്നു;
തല മുതല്‍ പാദം വരെ.
മൃതഗാത്ര പരിധിയില്‍
ഒരു ഫ്രീഡം പരേഡ്.