വിദ്യകളെല്ലാം നിങ്ങള്ക്ക്
വിവരമില്ലായ്മകള്‍ ഞങ്ങക്ക്.
നിങ്ങള്ക്ക് രാജകീയ വീഥികള്‍
ഞങ്ങള്‍ക്ക് വഴിയോരപാതകള്‍
മരുഭൂമികള്‍ ഞങ്ങള്‍ക്ക്
മരതകതോപ്പുകള്‍ നിങ്ങള്ക്ക്.
നിങ്ങള്ക്ക് മഹാസൌധങ്ങള്‍
ഞങ്ങള്‍ക്ക് ചെറിയകുടിലുകള്‍. വിഷവായു ഞങ്ങള്‍ക്ക്
ശുദ്ധവായു നിങ്ങള്ക്ക്.
ഞങ്ങള്‍ക്ക് മാറാരോഗങ്ങള്‍
നിങ്ങള്ക്ക് ആയുരാരോഗ്യം.
ആഗോള വിപണി നിങ്ങള്ക്ക്
ആഗോള താപനം ഞങ്ങള്‍ക്ക്.
നിങ്ങള്ക്ക് ആഗോളസുരക്ഷ
ഞങ്ങള്‍ക്ക് അരക്ഷിതാവസ്ഥ.
ആഘോഷങ്ങള്‍ നിങ്ങള്ക്ക്
ആക്ഷേപങ്ങള്‍ ഞങ്ങള്‍ക്ക്.
നിങ്ങള്ക്ക് പുരസ്കാരങ്ങള്‍
ഞങ്ങള്‍ക്ക് തിരസ്കാരങ്ങള്‍.
കോടതികള്‍ നിങ്ങള്ക്ക്
ജയിലറകള്‍ ഞങ്ങള്‍ക്ക്.
നിങ്ങള്ക്ക് കോടികള്‍
ഞങ്ങള്‍ക്ക് കടക്കെണികള്‍.
നിശ്ശബ്ദരാക്കിയും
നിരായുധരാക്കിയും
നിങ്ങളുടെ വികസനവിസര്‍ജ്യം
ഞങ്ങള്‍ക്ക് വിളമ്പിയും
ഭരണ ഘടനയില്‍ നിന്നും
ഭരണ കൂടത്തില്‍ നിന്നും
നിങ്ങള്‍ ഞങ്ങളെ
പാര്ശ്വവല്ക്കരിച്ചും
നിങ്ങള്‍ എല്ലാ സ്ഥലങ്ങളും
വിഭവങ്ങളും സ്വന്തമാക്കി
ഞങ്ങളെ സ്വന്തം മണ്ണില്‍
അഭയാര്‍ഥികളാക്കുന്നു.
നിങ്ങള്‍ പരസ്പരം
കൈകോര്‍ക്കുമ്പോള്‍
ഞങ്ങള്‍ പാഥേയമില്ലാതെ
പലായനം ചെയ്യുന്നു.